Monday, August 4, 2008

റ്റോമോ എരിഞ്ഞു വീണപ്പോള്‍ നാം എന്തെടുക്കുകയായിരുന്നു..?

നമ്മുടെ സ്വപ്നങ്ങള്‍ എരിഞ്ഞു വീഴുന്ന ദിനങ്ങള്‍..
നമ്മുടെ പ്രതീക്ഷകള്‍ അസ്തമിക്കുന്ന ദിനം..

അങ്ങിനെയൊരു ദിനത്തെക്കുറിച്ച് ആരും അന്ന് ചിന്തിച്ചിരുന്നില്ല. അവര്‍ക്ക് അതിന് സമയമുണ്ടായിരുന്നില്ല. കളിയും ചിരിയുമായി ആ അപൂര്‍വ്വ വിദ്യാലയം റ്റോമോ തലയുയര്‍ത്തി നിന്നിരുന്നു. ജപ്പാനില്‍.തെത്സുകോ കുറോയാനഗി എന്ന ടോട്ടോചാന്‍ പഠിച്ചത് അവിടെയായിരുന്നു. കൊബായാഷി മാസ്റ്ററുടെ ശിക്ഷണത്തില്‍ കളിയും ചിരിയുമായി അവര്‍ നേടിയത് സമൂഹത്തിനു വേണ്ടിയുള്ള സ്വപ്നങ്ങളായിരുന്നു.എന്നാല്‍ യുദ്ധത്തിന്‍റെ കെടുതികളില്‍, മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്ന നായാട്ടില്‍ , ആ സ്വപ്നങ്ങള്‍ക്ക് എന്തു പ്രസക്തി?..

തെത്സുകോ കുറോയോനഗി ഹിരോഷിമ ദുരന്തം ആവിഷ്കരിച്ചത് ഇങ്ങനെയാണ്..


......റ്റോമോ എരിഞ്ഞു വീണു. അത് സംഭവിച്ചത് രാത്രിയിലാണ്. മിയോചാനും അവരുടെ സഹോദരി മിസാചാനും അവരുടെ അമ്മയും സ്കൂളിനോട് ചേര്‍ന്നുള്ള തങ്ങളുടെ ഭവനത്തില്‍ നിന്നും കുഹോന്‍ബസ്തു കുളക്കരയിലെ റ്റോമോ പാടത്തേക്ക് രക്ഷപ്പെട്ടു. ക്ഷേത്രവും അവരും സുരക്ഷിതരായിരുന്നു.
ബി. 29 ബോംബറുകളില്‍ നിന്നും വര്‍ഷിച്ച മാരകമായ അനേകം ഷെല്ലുകള്‍. ക്ളാസ് മുറികളായി പ്രവര്‍ത്തിച്ചിരുന്ന റയില്‍വേ കോച്ചുകള്‍ക്കു മുകളില്‍ ഹുംകാരശബ്ദത്തോടെ പതിച്ചു. ഹെഡ് മാസ്റ്ററുടെ സ്വപ്നത്തില്‍ ത്രസിച്ചുനിന്നിരുന്ന വിദ്യാലയം തീനാളങ്ങളില്‍ മറഞ്ഞു. അദ്ദേഹം ഒരു പാട് സ്നേഹിച്ച, കുഞ്ഞിച്ചിരികളുടേയും ചിലയ്കലുകളുടേയും സ്വരഭേദങ്ങള്‍ക്കു പകരം, വിദ്യാലയമൊന്നാകെ ഭയാനകമായ ശബ്ദത്തോടെ നിലം പൊത്തി. ശമനമില്ലാത്ത അഗ്നി അതിന്‍റെ ശിലാതലത്തോളം എരിയിച്ചു കളഞ്ഞു. ജിയുഗോകയിലെമ്പാടും തീനാളങ്ങള്‍ പാളിയുണര്‍ന്നു.
എല്ലാറ്റിനുമിടയില്‍, തെരുവിന്‍റെ വിജനതയില്‍ നിന്ന് റ്റോമോ കത്തിയെരിയുന്ന ദൃശ്യം മാസ്റ്റര്‍ കണ്ടു. എപ്പോഴത്തേയും പോലെ തന്നെ അദ്ദേഹം തന്‍റെ ഏറെ നരച്ചു പോയ കറുത്ത സ്യൂട്ടണിഞ്ഞിരുന്നു. കൈകള്‍ കീശയില്‍ തിരുകി മാസ്റ്റര്‍ നിന്നു........


ഇനിയും വേണമോ നമുക്കീ യുദ്ധങ്ങള്‍, ഹിരോഷിമകള്‍ നാഗസാക്കികള്‍...?

ആഗസ്റ്റ് ൬ ഹിരോഷിമ ദിനം

യുറീക്ക വേണോ?

മാസികാ പ്രചരണ ദിനം.

കിടങ്ങൂര്‍: അങ്കമാലി മേഖലയിലെ തുറവൂര്‍ യൂണിറ്റ് മാസികാ പ്രചരണ ദിനമായ ആഗസ്റ്റ് 3 ന് മാസികാ പ്രചരണത്തിന് വിവിധയിടങ്ങളില്‍ ഇറങ്ങി.യുറീക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി എന്നിവക്ക് വരിക്കാരെ ചേര്‍ക്കാന്‍ യൂണിറ്റ് അംഗങ്ങള്‍ വിവിധ സ്ക്വാഡുകളായി ആണ് ഇറങ്ങിയത്.യൂണിറ്റിലെ 12 അംഗങ്ങള്‍ ഞായറാഴ്ച മുഴുവന്‍ പ്രചരണവുമായി രംഗത്തുണ്ടായിരുന്നു. മാസികകള്‍ക്ക് നിരവധി ആവശ്യക്കാര്‍ ഉണ്ടായി എന്നത് പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു.
തുടര്‍ന്നുള്ള ദിവസങ്ങളിലും മാസികാ പ്രചരണവുമായി പ്രവര്‍ത്തകര്‍ മുന്നോട്ടു പോകും. യുറീക്കക്ക് 140ഉം ശാസ്ത്രകേരളത്തിനും ശാസ്ത്രഗതിക്കും 100 ഉം വീതമാണ്
വാര്‍ഷിക വരിസംഖ്യ. താത്പര്യമുള്ളവര്‍ ഏതെങ്കിലും പരിഷത്ത് പ്രവര്‍ത്തകരുമായി ബന്ധപ്പെടുമല്ലോ.