Thursday, July 24, 2008

ചാന്ദ്രമനുഷ്യന്‍ കുട്ടികളെ കണ്ടപ്പോള്‍...

ചാന്ദ്ര മനുഷ്യന്‍ കൌതുകമായി.

കിടങ്ങൂര്‍: കിടങ്ങൂര്‍ ശ്രീഭദ്ര LP സ്കൂളില്‍ വന്ന ചാന്ദ്രമനുഷ്യന്‍ കുട്ടികള്‍ക്ക് ആവേശമായി. വിനോദവും വിജ്ഞാനവും പകര്‍ന്ന ചാന്ദ്രമനുഷ്യന്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ചാന്ദ്രഭാഷയില്‍ മറുപടി പറഞ്ഞു. കേരള ശാസ്ത്രസാഹിത്യപരിഷത്ത് തുറവൂര്‍ യൂണിറ്റിന്‍റെ ആഭിമുഖ്യത്തിലാണ് ജൂണ്‍ ൨൪ ന് രാവിലെ ൧൦.൩൦ ന് ചാന്ദ്രമനുഷ്യന്‍ പരിപാടി സംഘടിപ്പിച്ചത്.
ഭൂമിയും ചന്ദ്രനും തമ്മിലുള്ള വ്യത്യാസവും ചന്ദ്രനിലെ കാലാവസ്ഥയും മറ്റും ചാന്ദ്രമനുഷ്യനില്‍ നിന്നും കുട്ടികള്‍ ചോദിച്ചറിഞ്ഞു. ചാന്ദ്രഭാഷയെ പരിഭാഷപ്പെടുത്തി മലയാളത്തിലാക്കാന്‍ പരിഭാഷിയും ഉണ്ടായിരുന്നു. ചാന്ദ്രദിനപരിപാടികളോടനുബന്ധിച്ചാണ് ഇത്തരം ഒരു പരിപാടി ആസൂത്രണം ചെയ്തത്. ചാന്ദ്രമനുഷ്യനായി മെജോ വേഷമിട്ടു. നവനീത്, രണ്‍ജിത്ത്, നിഖില്‍ മാഷ് എന്നിവര്‍ ചാന്ദ്രമനുഷ്യന്‍റെ പരിഭാഷികളായി കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമേകി.

Wednesday, July 23, 2008

അക്ഷരച്ചിത മുരുകന്‍ കാട്ടാക്കട

അക്ഷരച്ചിത
മുരുകന്‍ കാട്ടാക്കട


പുസ്തകസമിതി അലങ്കരിക്കാം;
അക്ഷരച്ചിതയിലെ തീ കാഞ്ഞ്
പുതിയ പുസ്തക രചന തുടങ്ങാം;
പാഠം ഒന്ന്; പഴഞ്ചൊല്ല്.

അമ്മക്ക് കെട്ടിപ്പിടി സായൂജ്യം,
മാധവന് ചുറ്റിക്കളി സന്തോഷം
യോഹന്നാന് നാക്കു ദൈവം
കുമ്പസാരക്കൂട് കീശ,
പൂക്കാത്ത മൂസക്ക് താങ്ങ് തങ്ങള്‍!

അപ്പോഴും പുസ്തകച്ചിതയില്‍ക്കിടന്ന്;
പാടുന്നത്-
കുഞ്ഞുണ്ണിയും കുട്ടികളും,
കരയുന്നത്,
ഗുജറാത്തിലെ പെണ്ണ്,
പ്രാര്‍ത്ഥിക്കുന്നത്
കാശ്മീരി പണ്ഡിറ്റ്,
പുകയുന്നത് ബാബറിയിലെ പള്ളി.


(കടപ്പാട്: കലാകൌമുദി)
അക്ഷരങ്ങള്‍ മറയുകയാണ്..
ഇനി ജീവനില്ല...
മതം മാത്രം...
ഇനി ശാസ്ത്രമില്ല
മതം മാത്രം....
ഇനി മതനിരപേക്ഷതയില്ല
മതം മാത്രം.......
ഇനി സത്യമില്ല
മതം മാത്രം..........


Monday, July 21, 2008

യുറീക്ക...യുറീക്ക...യുറീക്കാ...

യുറീക്കയെന്നാല്‍ കണ്ടെത്തല്‍...

ഹാരോള്‍ഡ് ചായപ്പെന്‍സിലുമായി ഇറങ്ങിയിരിക്കുകയാണ്. കുട്ടികളുടെ മനസ്സിലായിരുന്നു ക്രോക്കറ്റ് ജോണ്‍സണ്‍ ഹാരോള്‍ഡും ചായപ്പെന്‍സിലുമായി വര തുടങ്ങിയത്. ഇപ്പോള്‍ ഹാരോള്‍ഡ് കടന്നു വരികയാണ് അത്ഭുതപ്പെന്‍സിലുമായി യുറീക്കയില്‍. ജൂലൈ ൧൬ യുറീക്കയിലെ മൂന്നിലൊന്നും ഹാരോള്‍ഡ് നിറഞ്ഞു നില്‍ക്കുന്നു. വായിച്ചും കണ്ടും തന്നെ അതറിയണം. എല്ലാ പേജിലും അവരുണ്ട് ഹാരോള്‍ഡും ചായപ്പെന്‍സിലും.
ഏഴാം ക്ളാസ് പാഠപുസ്തം എഡിറ്റോറിയലിലൂടെ യുറീക്കയിലും എത്തിയിട്ടുണ്ട്. എന്നാല്‍ ബഷീറിന്‍റെ കാഴ്ചപ്പാടിലൂടെ , പ്രേമലേഖനം എന്ന കഥയിലൂടെ ആകാശമിഠായിയും സാറാമ്മയും കേശവന്‍ നായരും ഒരിക്കല്‍ക്കൂടി അനുഭവിക്കാം.

ചില ചാന്ദ്രദിന ശങ്കകളിലൂടെ ശങ്ക തീരാത്ത ശങ്കരന്‍ വീണ്ടും നമ്മെ ചിന്തിപ്പിക്കുന്നു. ചന്ദ്രനും ചൊവ്വയും എല്ലാം കുട്ടികളിലൂടെ, മാഷിലൂടെ പാപ്പൂട്ടി മാഷ് അവതരിപ്പിക്കുന്നു.
ഷിജു കാട്ടിമൂലയുടെ സൈനുവിന് ചിരിക്കാന്‍ വയ്യ ഇന്നത്തേയും കാഴ്ചകളാണ്...കുട്ടികളുടെ മനസ്സില്‍ നന്മയുടെ ഒരു കൊച്ചു തിരിനാളം തെളിയാക്കാന്‍ ഈ കഥക്കാവും.
ISBN എന്ന പുസ്തക സൂചകം ശാന്ത കുമാരി പരിചയപ്പെടുത്തുന്നു, എന്താണ് ഐ.എസ്.ബി.എന്‍. എന്ന ലേഖനത്തിലൂടെ.
കുസൃതിക്കുറുമ്പി എന്ന പൂച്ചയെ കുട്ടികള്‍ക്ക് ഇഷ്ടമാവും തീര്‍ച്ച. കളിക്കാന്‍ വിളിച്ചില്ലായിരുന്നെങ്കിലോ എന്ന കഥയിലൂടെ സി.എ. രഞ്ജിത്ത് മൂത്തകുന്നം ഒരു കുട്ടിക്കഥ പറയുകയാണ്.
൦൮-൦൮-൦൮ എന്ന ചരിത്രമുഹൂര്‍ത്തത്തില്‍ ചൈനയില്‍ ദീപം തെളിയുന്ന ഒളിമ്പിക്സിന്‍റെ ചരിത്രം അണ്ണന്‍ ഒളിമ്പിക്സിന്‍റെ വിജയഗാഥയിലൂടെ വിശദീകരിക്കുന്നു.
കുട്ടികളുടെ സ്വന്തം പംക്തിയായ ചുവടുകള്‍ സര്‍ഗ്ഗശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത പുതുതലമുറയെ പരിചയപ്പെടുത്തുന്നു. ഹിശങ്കര്‍ പി.ആര്‍ ന്‍റെ സ്വാതന്ത്ര്യ ദിനത്തലേന്ന് സ്വാതന്ത്ര്യമില്ലാത്ത വളര്‍ത്തു മൃഗങ്ങളെക്കുറിച്ച് നമ്മെ ഓര്‍മ്മിക്കുന്നു. കവിത മനോഹര്‍ എഴുതിയ ഒരു നെല്‍വയലിന്‍റെ ആത്മനൊമ്പരങ്ങള്‍ സമകാലീന സമൂഹത്തിന്‍റെ കണ്ണുതുറപ്പിച്ചെങ്കില്‍ എന്ന് അറിയാതെ ഓര്‍ത്തു പോകുന്നു.
വിഷ്ണു എം വി യുടെ ഇരുള്‍ എന്ന കവിതയും ചുവടുകളുടെ മാറ്റ് കൂട്ടുന്നു. രതീഷ് കാളിയാടന്‍റെ ഞായറിന്‍റെ വില ചരിത്രവും ശാസ്ത്രവും കൃഷിയും എല്ലാം പങ്കുവയ്ക്കുന്നു. ലളിതമായും സരസമായും അവതരിപ്പിച്ചിരിക്കുന്നു.
ആമിനക്കുട്ടിയുടെ ആവലാതി പുസ്തകം പതിവു പോലെ കുട്ടികളുടെ ആവലാതികള്‍ പങ്കുവയ്ക്കുന്നു. അദ്ധ്യാപകരും മുതിര്‍ന്നവരും കുട്ടികള്‍ക്കൊപ്പം തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പി. രാധാകൃഷ്ണന്‍ എഴുതുന്ന പരമ്പരയാണിത്.മനോഹരന്‍ കെ മാമൂക്കോയ എഴുതിയ കവിതയെ പരിചയപ്പെടുത്തുന്നു അനുഭവങ്ങളുടെ ചൂടുകൊണ്ട് അടയിരുന്നാല്‍ മാത്രമേ കവിതയുടെ കൊഞ്ചല്‍ കേള്‍ക്കാന്‍ കഴിയൂ..
എത്ര ശരിയെന്ന് വായിക്കുന്നവര്‍ക്ക് മനസ്സിലാവും.

പിന്നെ സത്യചന്ദ്രന്‍ പൊയില്‍ക്കാവിന്‍റെ ജാതി എന്ന കവിത, പദപ്രശ്നം, എം കൃഷ്ണദാസിന്‍റെ കടങ്കഥ പയറ്റ്, ദൂരദര്‍ശിനി എന്ന സുരഭിവചനയുടെ പത്രം, സിന്ധു എന്‍.പി യുടെ മാമ്പഴക്കാലം എന്ന കവിത,ചിത്രകൌതുകം,ഡി.സുചിത്രന്‍റെ കുന്നുമൊഴി എന്ന കവിത, രാമകൃഷ്ണന്‍ കുമാരനെല്ലൂരിന്‍റെ കാവ്യരേണുക്കള്‍ , സതീഷിന്‍റെ കാര്‍ട്ടൂണ്‍ പംക്തി മണിമുത്തുകള്‍ എന്നിവയും ഈ ലക്കത്തിലുണ്ട്. പ്രിയപ്പെട്ട കൂട്ടുകാര്‍ യുറീക്കയോട് പറയുന്ന കത്തുകള്‍ കുട്ടികളുടെ മനസ്സിന്‍റെ നിഷ്കളങ്കത എടുത്തു കാണിക്കുന്നു.

ഇനിയുമുണ്ട് യുറീക്കക്ക് നിങ്ങളോടു പറയാന്‍......
വായിക്കൂ.. അഭിപ്രായങ്ങള്‍ പറയൂ..


Tuesday, July 15, 2008

പുസ്തകപ്പൂമഴ

.... പുസ്തപ്പൂ ....


കൊച്ചു കൂട്ടുകാര്‍ക്ക് ആടാനും പാടാനും കളിക്കാനും പഠിക്കാനുമായി കേരള ശാസ്ത്രസാഹിത്യപരിഷത്ത് അണിയിച്ചൊരുക്കുന്ന 25 വര്‍ണ്ണ പുസ്തകങ്ങള്‍

പ്രൈമറി ക്ളാസുകളിലെ കുട്ടികളെ അറവിന്‍റെ വിസ്മയ ലോകത്തേക്ക് കൈപിടിച്ചു നയിക്കുന്ന അത്യാകര്‍ഷക ഗ്രന്ഥങ്ങള്‍.



വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ അടിമുടി മാറിമറിയുന്ന കാലമാണിത്. ക്ളാസ് മുറിയില്‍ മാത്രം വച്ച് അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കുന്ന പഴയ രീതി പോയ് മറഞ്ഞു കഴിഞ്ഞു. കുട്ടി, വീട്ടിലും സ്കൂളിലും പ്രകൃതിയിലും ചുറ്റുപാടിലും സമൂഹത്തിലും നടത്തുന്ന നിരവധി ഇടപെടലുകളിലൂടെ അറിവ് നിര്‍മ്മിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഈ പ്രവര്‍ത്തനത്തില്‍ കുട്ടിയെ പരമാവധി സഹായിക്കുക എന്നതാണ് അദ്ധ്യാപകരുടേയും വീട്ടുകാരുടേയും സമൂഹത്തിന്‍റെയും ചുമതല.... ഈ ചുമതല നിറവേറ്റുന്ന പുസ്തകങ്ങളാണ് പുസ്തകപ്പൂമഴയില്‍...


കൂടുതല്‍ വിവരങ്ങള്‍ക്ക് പരിഷത്ത് പ്രവര്‍ത്തകരുമായി ബന്ധപ്പെടുക.





മുഖവില 400 രൂപ
പ്രീ പബ്ളിക്കേഷന്‍ 300
രൂപ
ആഗസ്റ്റ് 15 ് പുറത്തിറങ്ങുന്നു.


Friday, July 11, 2008

ഏഴാം ക്ളാസ് പാഠപുസ്തകം അഭിപ്രായ ശേഖരണം

തുറവൂര്‍ യൂണിറ്റിന്‍റെ യൂണിറ്റ് യോഗം 11-07-2008 ല്‍ നടന്നു. പാഠപുസ്തകവിവാദത്തിനെ തുടര്‍ന്ന യൂണിറ്റ് പ്രവര്‍ത്തകര്‍ കഴിഞ്ഞ യൂണിറ്റ് യോഗത്തില്‍ ഏഴാം ക്ളാസ് സാമൂഹ്യപാഠപുസ്തകം വായിച്ച് ചര്‍ച്ച ചെയ്തിരുന്നു.
അതിന്‍റെ തുടര്‍പരിപാടികള്‍ ആയിരുന്നു ലോകജനസംഖ്യാദിനത്തില്‍ കൂടിയ യോഗത്തിന്‍റെ മുഖ്യലക്ഷ്യം.
ഏഴാം ക്ളാസ് പാഠപുസ്തകത്തിലെ പ്രസക്തമായ 15 ഓളം പേജുകള്‍ പോസ്റ്ററാക്കി തുറവൂര്‍ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കാനും ജനങ്ങളുടെ അഭിപ്രായങ്ങള്‍ ശേഖരിക്കാനും യോഗം തീരുമാനിച്ചു.
പുസ്തകപ്പൂമഴ എന്ന പുസ്തകസമാഹാരത്തിന് വരിക്കാരെ ചേര്‍ക്കുക, ലോകജനസംഖ്യദിനത്തിന്‍റെ പ്രാധാന്യം, പരിഷത്ത് അംഗങ്ങളുടെ കുടുംബ സൌഹൃദ സദസ്സ് , ഓണക്കാലം, ബാലവേദി തുടങ്ങിയ വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്തു.
പരിഷത്ത് അംഗം കുഞ്ഞ്കുഞ്ഞ് മാഷിന്‍റെ വീട്ടില്‍ കൂടിയ യോഗത്തില്‍ യൂണിറ്റ് പ്രസിഡന്‍റ് ഇ.ടി. രാജന്‍ അദ്ധ്യക്ഷനായിരുന്നു.