Friday, December 12, 2008

ജ്യോതിശാസ്ത്ര അറിവുകള്‍ പകര്‍ന്ന് ഒരു യൂണിറ്റ് വാര്‍ഷികം.

തുറവൂര്‍ യൂണിറ്റിന്റെ യൂണിറ്റ് വാര്‍ഷികം ശ്രീ ബാബുരാജിന്റെ വസതിയില്‍ .ഡിസംബര്‍ 7 ഞായര്‍ നടന്നു. എറണാകുളം ജില്ലാ പ്രസിഡന്റ് പ്രൊ.പി.ആര്‍ രാഘവന്‍ അവതരിപ്പിച്ച നമ്മുടെ പ്രപഞ്ചം എന്ന ഉദ്ഘാടന ക്ലാസോടെയായിരുന്നു തുടക്കം. മള്‍ട്ടി മീഡിയ സംരഭങ്ങള്‍ ഉപയോഗിച്ചുള്ള ക്ലാസ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പുതിയ ഒരു അനുഭവമായി മാറി. 25 ഓളം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ അന്‍പതോളം പേര്‍ പരിപാടികളില്‍ പങ്കെടുത്തു. പരിഷിത്തിന്റെ സാന്നിദ്ധ്യം പുതിയ തലമുറയില്‍ അനുഭവപ്പെടുത്താന്‍ ക്ലാസിനു കഴിഞ്ഞു എന്നത് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കും. ജ്യോതിശാസ്ത്രചരിത്രം, സൌരയൂഥം, സൂര്യന്റെ ഘടന, നക്ഷത്രങ്ങളുടെ പരിണാമം, പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തി, ബഹിരാകാശ ഗവേഷണങ്ങള്‍, പര്യവേഷണങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ലാസില്‍ പ്രതിപാദിക്കപ്പെട്ടു. ആവേശത്തോടെയുള്ള കുട്ടികളുടെ ചോദ്യങ്ങള്‍ ക്ലാസിന്റെ ദൈര്‍ഘ്യം പിന്നെയും കൂട്ടാന്‍ കാരണമായി. 2005 ല്‍ KSSP എറണാകുളം ജില്ലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ റിസര്‍ച്ച് ലാബ് നിര്‍മ്മിച്ച സി.ഡി ഉപയോഗിച്ചായിരുന്നു അവതരണം. നിരവധി കേന്ദ്രങ്ങളില്‍ അവതരിപ്പിച്ചു കഴിഞ്ഞ ഈ സി.ഡി കൂടുതല്‍ സമകാലിക വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ജ്യോതിശാസ്ത്രവര്‍ഷത്തിനായി പുനര്‍ നിര്‍മ്മിക്കണമെന്നും ആവശ്യമുയര്‍ന്നു.
തുടര്‍ന്ന് യൂണിറ്റ് വാര്‍ഷിക ചര്‍ച്ചകള്‍ ആരംഭിച്ചു. യൂണിറ്റ് പ്രസിഡന്റ് കൂടിയായ ശ്രീ. ഇ.ടി രാജന്‍ സാമ്പത്തിക മാന്ദ്യവും കേരള സമൂഹവും എന്ന വിഷയം അവതരിപ്പിച്ചു. തുടര്‍ന്ന് ആ വിഷയത്തില്‍ സജീവമായ ചര്‍ച്ച നടന്നു. യൂണിറ്റ് സെക്രട്ടറി ശ്രീ. ജോയ് പി. പി യൂണിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിപ്പോര്‍ട്ടിന്‍മേലും ചര്‍ച്ച നടന്നു. യൂണിറ്റ് വാര്‍ഷിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടുത്ത വര്‍ഷം നടത്തേണ്ട പരിപാടികളും യൂണിറ്റ് ഏറ്റെടുക്കേണ്ട വിഷയങ്ങളെക്കുറിച്ചും ധാരണയുണ്ടായി. നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്ത് ഒന്നും നടക്കാത്ത അവസ്ഥയേക്കാള്‍ കുറച്ച് പരിപാടികള്‍ ആസൂത്രണം ചെയ്ത് എല്ലാം ഭംഗിയായി നടത്തണം എന്ന അഭിപ്രായമായിരുന്നു യൂണിറ്റ് അംഗങ്ങള്‍ക്ക്. ഇതിനനുസരിച്ചായിരുന്നു ഭാവി പരിപാടികളുടെ ആസൂത്രണം. സ്ത്രീകളുടെ അംഗത്വം കുറയുന്നതും ചര്‍ച്ചയില്‍ വരികയുണ്ടായി. അടുത്ത വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്ത് യൂണിറ്റ് വാര്‍ഷികം സമാപിച്ചു. ശ്രീ. മെജോ മോന്‍ ജോസഫ് സെക്രട്ടറിയായും ശ്രീ പി.പി ജോയ് പ്രസിഡന്റായും ശ്രീ വേലായുധന്‍ വൈസ്. പ്രസിഡന്റായും ശ്രീ. നവനീത് കൃഷ്ണന്‍ ജോ. സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

Friday, December 5, 2008

യൂണിറ്റ് വാര്‍ഷികം - തുറവൂര്‍ യൂണിറ്റ് അങ്കമാലി മേഖല

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തുറവൂര്‍ യൂണിറ്റിന്റെ വാര്‍ഷികം ഈ വരുന്ന ഞായര്‍ രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ നടക്കുന്നു. യൂണിറ്റ് അംഗം ശ്രീ. സി. ബാബുരാജിന്റെ വസതിയാണ് ഈ വര്‍ഷം വാര്‍ഷികം നടക്കുന്നത്. അന്ധവിശ്വാസങ്ങളും അരാഷ്ട്രീയ പ്രസ്ഥാനങ്ങളും അരങ്ങ് തകര്‍ക്കുന്ന സമയമാണിത്. പാഠപുസ്തക വിവാദമുള്‍പ്പടെ നിരവധി പ്രശ്നങ്ങളെ സമൂഹം അഭിമുഖീകരിച്ച വര്‍ഷമാണ് കടന്നു പോയത്. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താനും വരുന്ന വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ ആസൂത്രണം ചെയ്യാനും ഈ ഒത്തു കൂടല്‍ വേദിയൊരുക്കും.

കാര്യപരിപാടികള്‍

രാവിലെ 9.30 ന് നമ്മുടെ പ്രപഞ്ചം എന്ന വിഷയം KSSP എറണാകുളം ജില്ല പ്രസിഡന്റ് പ്രൊ.പി.ആര്‍ രാഘവന്‍ അവതരിപ്പിക്കുന്നു.
തുടര്‍ന്ന് മേഖല കമ്മറ്റി അംഗം സംഘടനാരേഖ അവതരിപ്പിക്കും. സംഘടനാരേഖയില്‍ സമകാലീന സാമ്പത്തിക പ്രശ്നങ്ങളും കേരളവും എന്ന വിഷയത്തിന് പ്രധാന്യം ഉണ്ടാകും.
സംഘടനാ രേഖ വാര്‍ഷിക പ്രതിനിധികള്‍ ചര്‍ച്ച ചെയ്യും
പിന്നീട് യൂണിറ്റ് സെക്രട്ടറി ശ്രീ. പി. പി. ജോയ് യൂണിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ആ റിപ്പോര്‍ട്ടിന്മേലും പിന്നീട് ചര്‍ച്ചകള്‍ നടക്കും.
തുടര്‍ന്ന് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യും. അടുത്ത വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്ത് വൈകിട്ട് നാലു മണിയോടെ വാര്‍ഷികം സമാപിക്കും.


Saturday, October 25, 2008

യൂണിറ്റ് യോഗം കൂടി

തുറവൂര്‍ യൂണിറ്റിന്‍റെ യൂണിറ്റ് യോഗം ഇന്നലെ യൂണിറ്റ് പ്രസിഡന്‍റ് ശ്രീ ഇ.ടി. രാജന്‍റെ വസതിയില്‍ വച്ച് കൂടി. യൂണിറ്റ് വാറ്‍ഷികത്തെക്കുറിച്ചും പഞ്ചായത്ത് തല വിജ്ഞാനോത്സവത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുകയും നടത്തുവാനുള്ള തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു.

Monday, August 4, 2008

റ്റോമോ എരിഞ്ഞു വീണപ്പോള്‍ നാം എന്തെടുക്കുകയായിരുന്നു..?

നമ്മുടെ സ്വപ്നങ്ങള്‍ എരിഞ്ഞു വീഴുന്ന ദിനങ്ങള്‍..
നമ്മുടെ പ്രതീക്ഷകള്‍ അസ്തമിക്കുന്ന ദിനം..

അങ്ങിനെയൊരു ദിനത്തെക്കുറിച്ച് ആരും അന്ന് ചിന്തിച്ചിരുന്നില്ല. അവര്‍ക്ക് അതിന് സമയമുണ്ടായിരുന്നില്ല. കളിയും ചിരിയുമായി ആ അപൂര്‍വ്വ വിദ്യാലയം റ്റോമോ തലയുയര്‍ത്തി നിന്നിരുന്നു. ജപ്പാനില്‍.തെത്സുകോ കുറോയാനഗി എന്ന ടോട്ടോചാന്‍ പഠിച്ചത് അവിടെയായിരുന്നു. കൊബായാഷി മാസ്റ്ററുടെ ശിക്ഷണത്തില്‍ കളിയും ചിരിയുമായി അവര്‍ നേടിയത് സമൂഹത്തിനു വേണ്ടിയുള്ള സ്വപ്നങ്ങളായിരുന്നു.എന്നാല്‍ യുദ്ധത്തിന്‍റെ കെടുതികളില്‍, മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്ന നായാട്ടില്‍ , ആ സ്വപ്നങ്ങള്‍ക്ക് എന്തു പ്രസക്തി?..

തെത്സുകോ കുറോയോനഗി ഹിരോഷിമ ദുരന്തം ആവിഷ്കരിച്ചത് ഇങ്ങനെയാണ്..


......റ്റോമോ എരിഞ്ഞു വീണു. അത് സംഭവിച്ചത് രാത്രിയിലാണ്. മിയോചാനും അവരുടെ സഹോദരി മിസാചാനും അവരുടെ അമ്മയും സ്കൂളിനോട് ചേര്‍ന്നുള്ള തങ്ങളുടെ ഭവനത്തില്‍ നിന്നും കുഹോന്‍ബസ്തു കുളക്കരയിലെ റ്റോമോ പാടത്തേക്ക് രക്ഷപ്പെട്ടു. ക്ഷേത്രവും അവരും സുരക്ഷിതരായിരുന്നു.
ബി. 29 ബോംബറുകളില്‍ നിന്നും വര്‍ഷിച്ച മാരകമായ അനേകം ഷെല്ലുകള്‍. ക്ളാസ് മുറികളായി പ്രവര്‍ത്തിച്ചിരുന്ന റയില്‍വേ കോച്ചുകള്‍ക്കു മുകളില്‍ ഹുംകാരശബ്ദത്തോടെ പതിച്ചു. ഹെഡ് മാസ്റ്ററുടെ സ്വപ്നത്തില്‍ ത്രസിച്ചുനിന്നിരുന്ന വിദ്യാലയം തീനാളങ്ങളില്‍ മറഞ്ഞു. അദ്ദേഹം ഒരു പാട് സ്നേഹിച്ച, കുഞ്ഞിച്ചിരികളുടേയും ചിലയ്കലുകളുടേയും സ്വരഭേദങ്ങള്‍ക്കു പകരം, വിദ്യാലയമൊന്നാകെ ഭയാനകമായ ശബ്ദത്തോടെ നിലം പൊത്തി. ശമനമില്ലാത്ത അഗ്നി അതിന്‍റെ ശിലാതലത്തോളം എരിയിച്ചു കളഞ്ഞു. ജിയുഗോകയിലെമ്പാടും തീനാളങ്ങള്‍ പാളിയുണര്‍ന്നു.
എല്ലാറ്റിനുമിടയില്‍, തെരുവിന്‍റെ വിജനതയില്‍ നിന്ന് റ്റോമോ കത്തിയെരിയുന്ന ദൃശ്യം മാസ്റ്റര്‍ കണ്ടു. എപ്പോഴത്തേയും പോലെ തന്നെ അദ്ദേഹം തന്‍റെ ഏറെ നരച്ചു പോയ കറുത്ത സ്യൂട്ടണിഞ്ഞിരുന്നു. കൈകള്‍ കീശയില്‍ തിരുകി മാസ്റ്റര്‍ നിന്നു........


ഇനിയും വേണമോ നമുക്കീ യുദ്ധങ്ങള്‍, ഹിരോഷിമകള്‍ നാഗസാക്കികള്‍...?

ആഗസ്റ്റ് ൬ ഹിരോഷിമ ദിനം

യുറീക്ക വേണോ?

മാസികാ പ്രചരണ ദിനം.

കിടങ്ങൂര്‍: അങ്കമാലി മേഖലയിലെ തുറവൂര്‍ യൂണിറ്റ് മാസികാ പ്രചരണ ദിനമായ ആഗസ്റ്റ് 3 ന് മാസികാ പ്രചരണത്തിന് വിവിധയിടങ്ങളില്‍ ഇറങ്ങി.യുറീക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി എന്നിവക്ക് വരിക്കാരെ ചേര്‍ക്കാന്‍ യൂണിറ്റ് അംഗങ്ങള്‍ വിവിധ സ്ക്വാഡുകളായി ആണ് ഇറങ്ങിയത്.യൂണിറ്റിലെ 12 അംഗങ്ങള്‍ ഞായറാഴ്ച മുഴുവന്‍ പ്രചരണവുമായി രംഗത്തുണ്ടായിരുന്നു. മാസികകള്‍ക്ക് നിരവധി ആവശ്യക്കാര്‍ ഉണ്ടായി എന്നത് പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു.
തുടര്‍ന്നുള്ള ദിവസങ്ങളിലും മാസികാ പ്രചരണവുമായി പ്രവര്‍ത്തകര്‍ മുന്നോട്ടു പോകും. യുറീക്കക്ക് 140ഉം ശാസ്ത്രകേരളത്തിനും ശാസ്ത്രഗതിക്കും 100 ഉം വീതമാണ്
വാര്‍ഷിക വരിസംഖ്യ. താത്പര്യമുള്ളവര്‍ ഏതെങ്കിലും പരിഷത്ത് പ്രവര്‍ത്തകരുമായി ബന്ധപ്പെടുമല്ലോ.

Thursday, July 24, 2008

ചാന്ദ്രമനുഷ്യന്‍ കുട്ടികളെ കണ്ടപ്പോള്‍...

ചാന്ദ്ര മനുഷ്യന്‍ കൌതുകമായി.

കിടങ്ങൂര്‍: കിടങ്ങൂര്‍ ശ്രീഭദ്ര LP സ്കൂളില്‍ വന്ന ചാന്ദ്രമനുഷ്യന്‍ കുട്ടികള്‍ക്ക് ആവേശമായി. വിനോദവും വിജ്ഞാനവും പകര്‍ന്ന ചാന്ദ്രമനുഷ്യന്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ചാന്ദ്രഭാഷയില്‍ മറുപടി പറഞ്ഞു. കേരള ശാസ്ത്രസാഹിത്യപരിഷത്ത് തുറവൂര്‍ യൂണിറ്റിന്‍റെ ആഭിമുഖ്യത്തിലാണ് ജൂണ്‍ ൨൪ ന് രാവിലെ ൧൦.൩൦ ന് ചാന്ദ്രമനുഷ്യന്‍ പരിപാടി സംഘടിപ്പിച്ചത്.
ഭൂമിയും ചന്ദ്രനും തമ്മിലുള്ള വ്യത്യാസവും ചന്ദ്രനിലെ കാലാവസ്ഥയും മറ്റും ചാന്ദ്രമനുഷ്യനില്‍ നിന്നും കുട്ടികള്‍ ചോദിച്ചറിഞ്ഞു. ചാന്ദ്രഭാഷയെ പരിഭാഷപ്പെടുത്തി മലയാളത്തിലാക്കാന്‍ പരിഭാഷിയും ഉണ്ടായിരുന്നു. ചാന്ദ്രദിനപരിപാടികളോടനുബന്ധിച്ചാണ് ഇത്തരം ഒരു പരിപാടി ആസൂത്രണം ചെയ്തത്. ചാന്ദ്രമനുഷ്യനായി മെജോ വേഷമിട്ടു. നവനീത്, രണ്‍ജിത്ത്, നിഖില്‍ മാഷ് എന്നിവര്‍ ചാന്ദ്രമനുഷ്യന്‍റെ പരിഭാഷികളായി കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമേകി.

Wednesday, July 23, 2008

അക്ഷരച്ചിത മുരുകന്‍ കാട്ടാക്കട

അക്ഷരച്ചിത
മുരുകന്‍ കാട്ടാക്കട


പുസ്തകസമിതി അലങ്കരിക്കാം;
അക്ഷരച്ചിതയിലെ തീ കാഞ്ഞ്
പുതിയ പുസ്തക രചന തുടങ്ങാം;
പാഠം ഒന്ന്; പഴഞ്ചൊല്ല്.

അമ്മക്ക് കെട്ടിപ്പിടി സായൂജ്യം,
മാധവന് ചുറ്റിക്കളി സന്തോഷം
യോഹന്നാന് നാക്കു ദൈവം
കുമ്പസാരക്കൂട് കീശ,
പൂക്കാത്ത മൂസക്ക് താങ്ങ് തങ്ങള്‍!

അപ്പോഴും പുസ്തകച്ചിതയില്‍ക്കിടന്ന്;
പാടുന്നത്-
കുഞ്ഞുണ്ണിയും കുട്ടികളും,
കരയുന്നത്,
ഗുജറാത്തിലെ പെണ്ണ്,
പ്രാര്‍ത്ഥിക്കുന്നത്
കാശ്മീരി പണ്ഡിറ്റ്,
പുകയുന്നത് ബാബറിയിലെ പള്ളി.


(കടപ്പാട്: കലാകൌമുദി)
അക്ഷരങ്ങള്‍ മറയുകയാണ്..
ഇനി ജീവനില്ല...
മതം മാത്രം...
ഇനി ശാസ്ത്രമില്ല
മതം മാത്രം....
ഇനി മതനിരപേക്ഷതയില്ല
മതം മാത്രം.......
ഇനി സത്യമില്ല
മതം മാത്രം..........


Monday, July 21, 2008

യുറീക്ക...യുറീക്ക...യുറീക്കാ...

യുറീക്കയെന്നാല്‍ കണ്ടെത്തല്‍...

ഹാരോള്‍ഡ് ചായപ്പെന്‍സിലുമായി ഇറങ്ങിയിരിക്കുകയാണ്. കുട്ടികളുടെ മനസ്സിലായിരുന്നു ക്രോക്കറ്റ് ജോണ്‍സണ്‍ ഹാരോള്‍ഡും ചായപ്പെന്‍സിലുമായി വര തുടങ്ങിയത്. ഇപ്പോള്‍ ഹാരോള്‍ഡ് കടന്നു വരികയാണ് അത്ഭുതപ്പെന്‍സിലുമായി യുറീക്കയില്‍. ജൂലൈ ൧൬ യുറീക്കയിലെ മൂന്നിലൊന്നും ഹാരോള്‍ഡ് നിറഞ്ഞു നില്‍ക്കുന്നു. വായിച്ചും കണ്ടും തന്നെ അതറിയണം. എല്ലാ പേജിലും അവരുണ്ട് ഹാരോള്‍ഡും ചായപ്പെന്‍സിലും.
ഏഴാം ക്ളാസ് പാഠപുസ്തം എഡിറ്റോറിയലിലൂടെ യുറീക്കയിലും എത്തിയിട്ടുണ്ട്. എന്നാല്‍ ബഷീറിന്‍റെ കാഴ്ചപ്പാടിലൂടെ , പ്രേമലേഖനം എന്ന കഥയിലൂടെ ആകാശമിഠായിയും സാറാമ്മയും കേശവന്‍ നായരും ഒരിക്കല്‍ക്കൂടി അനുഭവിക്കാം.

ചില ചാന്ദ്രദിന ശങ്കകളിലൂടെ ശങ്ക തീരാത്ത ശങ്കരന്‍ വീണ്ടും നമ്മെ ചിന്തിപ്പിക്കുന്നു. ചന്ദ്രനും ചൊവ്വയും എല്ലാം കുട്ടികളിലൂടെ, മാഷിലൂടെ പാപ്പൂട്ടി മാഷ് അവതരിപ്പിക്കുന്നു.
ഷിജു കാട്ടിമൂലയുടെ സൈനുവിന് ചിരിക്കാന്‍ വയ്യ ഇന്നത്തേയും കാഴ്ചകളാണ്...കുട്ടികളുടെ മനസ്സില്‍ നന്മയുടെ ഒരു കൊച്ചു തിരിനാളം തെളിയാക്കാന്‍ ഈ കഥക്കാവും.
ISBN എന്ന പുസ്തക സൂചകം ശാന്ത കുമാരി പരിചയപ്പെടുത്തുന്നു, എന്താണ് ഐ.എസ്.ബി.എന്‍. എന്ന ലേഖനത്തിലൂടെ.
കുസൃതിക്കുറുമ്പി എന്ന പൂച്ചയെ കുട്ടികള്‍ക്ക് ഇഷ്ടമാവും തീര്‍ച്ച. കളിക്കാന്‍ വിളിച്ചില്ലായിരുന്നെങ്കിലോ എന്ന കഥയിലൂടെ സി.എ. രഞ്ജിത്ത് മൂത്തകുന്നം ഒരു കുട്ടിക്കഥ പറയുകയാണ്.
൦൮-൦൮-൦൮ എന്ന ചരിത്രമുഹൂര്‍ത്തത്തില്‍ ചൈനയില്‍ ദീപം തെളിയുന്ന ഒളിമ്പിക്സിന്‍റെ ചരിത്രം അണ്ണന്‍ ഒളിമ്പിക്സിന്‍റെ വിജയഗാഥയിലൂടെ വിശദീകരിക്കുന്നു.
കുട്ടികളുടെ സ്വന്തം പംക്തിയായ ചുവടുകള്‍ സര്‍ഗ്ഗശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത പുതുതലമുറയെ പരിചയപ്പെടുത്തുന്നു. ഹിശങ്കര്‍ പി.ആര്‍ ന്‍റെ സ്വാതന്ത്ര്യ ദിനത്തലേന്ന് സ്വാതന്ത്ര്യമില്ലാത്ത വളര്‍ത്തു മൃഗങ്ങളെക്കുറിച്ച് നമ്മെ ഓര്‍മ്മിക്കുന്നു. കവിത മനോഹര്‍ എഴുതിയ ഒരു നെല്‍വയലിന്‍റെ ആത്മനൊമ്പരങ്ങള്‍ സമകാലീന സമൂഹത്തിന്‍റെ കണ്ണുതുറപ്പിച്ചെങ്കില്‍ എന്ന് അറിയാതെ ഓര്‍ത്തു പോകുന്നു.
വിഷ്ണു എം വി യുടെ ഇരുള്‍ എന്ന കവിതയും ചുവടുകളുടെ മാറ്റ് കൂട്ടുന്നു. രതീഷ് കാളിയാടന്‍റെ ഞായറിന്‍റെ വില ചരിത്രവും ശാസ്ത്രവും കൃഷിയും എല്ലാം പങ്കുവയ്ക്കുന്നു. ലളിതമായും സരസമായും അവതരിപ്പിച്ചിരിക്കുന്നു.
ആമിനക്കുട്ടിയുടെ ആവലാതി പുസ്തകം പതിവു പോലെ കുട്ടികളുടെ ആവലാതികള്‍ പങ്കുവയ്ക്കുന്നു. അദ്ധ്യാപകരും മുതിര്‍ന്നവരും കുട്ടികള്‍ക്കൊപ്പം തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പി. രാധാകൃഷ്ണന്‍ എഴുതുന്ന പരമ്പരയാണിത്.മനോഹരന്‍ കെ മാമൂക്കോയ എഴുതിയ കവിതയെ പരിചയപ്പെടുത്തുന്നു അനുഭവങ്ങളുടെ ചൂടുകൊണ്ട് അടയിരുന്നാല്‍ മാത്രമേ കവിതയുടെ കൊഞ്ചല്‍ കേള്‍ക്കാന്‍ കഴിയൂ..
എത്ര ശരിയെന്ന് വായിക്കുന്നവര്‍ക്ക് മനസ്സിലാവും.

പിന്നെ സത്യചന്ദ്രന്‍ പൊയില്‍ക്കാവിന്‍റെ ജാതി എന്ന കവിത, പദപ്രശ്നം, എം കൃഷ്ണദാസിന്‍റെ കടങ്കഥ പയറ്റ്, ദൂരദര്‍ശിനി എന്ന സുരഭിവചനയുടെ പത്രം, സിന്ധു എന്‍.പി യുടെ മാമ്പഴക്കാലം എന്ന കവിത,ചിത്രകൌതുകം,ഡി.സുചിത്രന്‍റെ കുന്നുമൊഴി എന്ന കവിത, രാമകൃഷ്ണന്‍ കുമാരനെല്ലൂരിന്‍റെ കാവ്യരേണുക്കള്‍ , സതീഷിന്‍റെ കാര്‍ട്ടൂണ്‍ പംക്തി മണിമുത്തുകള്‍ എന്നിവയും ഈ ലക്കത്തിലുണ്ട്. പ്രിയപ്പെട്ട കൂട്ടുകാര്‍ യുറീക്കയോട് പറയുന്ന കത്തുകള്‍ കുട്ടികളുടെ മനസ്സിന്‍റെ നിഷ്കളങ്കത എടുത്തു കാണിക്കുന്നു.

ഇനിയുമുണ്ട് യുറീക്കക്ക് നിങ്ങളോടു പറയാന്‍......
വായിക്കൂ.. അഭിപ്രായങ്ങള്‍ പറയൂ..


Tuesday, July 15, 2008

പുസ്തകപ്പൂമഴ

.... പുസ്തപ്പൂ ....


കൊച്ചു കൂട്ടുകാര്‍ക്ക് ആടാനും പാടാനും കളിക്കാനും പഠിക്കാനുമായി കേരള ശാസ്ത്രസാഹിത്യപരിഷത്ത് അണിയിച്ചൊരുക്കുന്ന 25 വര്‍ണ്ണ പുസ്തകങ്ങള്‍

പ്രൈമറി ക്ളാസുകളിലെ കുട്ടികളെ അറവിന്‍റെ വിസ്മയ ലോകത്തേക്ക് കൈപിടിച്ചു നയിക്കുന്ന അത്യാകര്‍ഷക ഗ്രന്ഥങ്ങള്‍.



വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ അടിമുടി മാറിമറിയുന്ന കാലമാണിത്. ക്ളാസ് മുറിയില്‍ മാത്രം വച്ച് അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കുന്ന പഴയ രീതി പോയ് മറഞ്ഞു കഴിഞ്ഞു. കുട്ടി, വീട്ടിലും സ്കൂളിലും പ്രകൃതിയിലും ചുറ്റുപാടിലും സമൂഹത്തിലും നടത്തുന്ന നിരവധി ഇടപെടലുകളിലൂടെ അറിവ് നിര്‍മ്മിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഈ പ്രവര്‍ത്തനത്തില്‍ കുട്ടിയെ പരമാവധി സഹായിക്കുക എന്നതാണ് അദ്ധ്യാപകരുടേയും വീട്ടുകാരുടേയും സമൂഹത്തിന്‍റെയും ചുമതല.... ഈ ചുമതല നിറവേറ്റുന്ന പുസ്തകങ്ങളാണ് പുസ്തകപ്പൂമഴയില്‍...


കൂടുതല്‍ വിവരങ്ങള്‍ക്ക് പരിഷത്ത് പ്രവര്‍ത്തകരുമായി ബന്ധപ്പെടുക.





മുഖവില 400 രൂപ
പ്രീ പബ്ളിക്കേഷന്‍ 300
രൂപ
ആഗസ്റ്റ് 15 ് പുറത്തിറങ്ങുന്നു.


Friday, July 11, 2008

ഏഴാം ക്ളാസ് പാഠപുസ്തകം അഭിപ്രായ ശേഖരണം

തുറവൂര്‍ യൂണിറ്റിന്‍റെ യൂണിറ്റ് യോഗം 11-07-2008 ല്‍ നടന്നു. പാഠപുസ്തകവിവാദത്തിനെ തുടര്‍ന്ന യൂണിറ്റ് പ്രവര്‍ത്തകര്‍ കഴിഞ്ഞ യൂണിറ്റ് യോഗത്തില്‍ ഏഴാം ക്ളാസ് സാമൂഹ്യപാഠപുസ്തകം വായിച്ച് ചര്‍ച്ച ചെയ്തിരുന്നു.
അതിന്‍റെ തുടര്‍പരിപാടികള്‍ ആയിരുന്നു ലോകജനസംഖ്യാദിനത്തില്‍ കൂടിയ യോഗത്തിന്‍റെ മുഖ്യലക്ഷ്യം.
ഏഴാം ക്ളാസ് പാഠപുസ്തകത്തിലെ പ്രസക്തമായ 15 ഓളം പേജുകള്‍ പോസ്റ്ററാക്കി തുറവൂര്‍ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കാനും ജനങ്ങളുടെ അഭിപ്രായങ്ങള്‍ ശേഖരിക്കാനും യോഗം തീരുമാനിച്ചു.
പുസ്തകപ്പൂമഴ എന്ന പുസ്തകസമാഹാരത്തിന് വരിക്കാരെ ചേര്‍ക്കുക, ലോകജനസംഖ്യദിനത്തിന്‍റെ പ്രാധാന്യം, പരിഷത്ത് അംഗങ്ങളുടെ കുടുംബ സൌഹൃദ സദസ്സ് , ഓണക്കാലം, ബാലവേദി തുടങ്ങിയ വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്തു.
പരിഷത്ത് അംഗം കുഞ്ഞ്കുഞ്ഞ് മാഷിന്‍റെ വീട്ടില്‍ കൂടിയ യോഗത്തില്‍ യൂണിറ്റ് പ്രസിഡന്‍റ് ഇ.ടി. രാജന്‍ അദ്ധ്യക്ഷനായിരുന്നു.

Saturday, May 31, 2008

ജൂണ്‍ 5

ജൂണ്‍ 5

ലോക പരിസ്ഥിതി ദിനാചരണവും സി.വി. ശ്രീദേവി ടീച്ചര്‍ അനുസ്മരണ സൌഹൃദ സദസ്സും

പരിസ്ഥിതിയോട് മനുഷ്യര്‍ കാണിക്കുന്ന അതിക്രമങ്ങള്‍ അനുദിനം വര്‍ദ്ധിച്ചു വരികയാണ്.
കുന്നുകള്‍ കുഴികളിലേക്ക് ഒഴുകിയിറങ്ങുന്നു. നദികളുടെ അടിത്തട്ട് കൂടുതല്‍ കൂടുതല്‍ ആഴങ്ങളിലേക്ക് പോകുന്നു.
അന്തരീക്ഷ മലിനീകരണം ധ്രുവ്വപ്രദേശത്തെ മഞ്ഞുരുക്കുന്നു. മനുഷ്യന്‍റെ സ്വാര്‍ത്ഥതക്ക് കൊടുക്കേണ്ടി വരുന്ന വിലയാണിത്.
പരിസ്ഥിതിയുടെ സന്തുലനാവസ്ഥയെ തകര്‍ക്കുന്ന ഈ പ്രവര്‍ത്തനങ്ങള്‍ ഇന്നൊരു തൊഴിലായി മാറിയിരിക്കുന്നു.
സ്വാര്‍ത്ഥര്‍ക്ക് പണമുണ്ടാക്കാനുള്ള വഴികളിലൊന്നും.

പൂര്‍വ്വികര്‍ നേടിത്തന്ന നല്ല മൂല്യങ്ങള്‍ നിരാകരിക്കപ്പെടുന്നു.ജനാധിപത്യം, മതനിരപേക്ഷത, സ്വാശ്രയത്വം എന്തിനേറെ മനുഷ്യത്വം തന്നെ നിരാകരിക്കപ്പെടുകയാണ്.
ജാതി മത രൂപങ്ങള്‍ കുയുക്തികള്‍ നിരത്തി മനുഷ്യനെ നിരന്തരം വഞ്ചിച്ചുകൊണ്ടിരിക്കുന്നു.
എല്ലാത്തിനും ഒരു വാണിജ്യരൂപം കൈവരിച്ചു പോയി.ആള്‍ ദൈവങ്ങള്‍, വ്യാഴാഴ്ച പുണ്യവാളര്‍, അക്ഷയ തൃതീയ, ജ്യോത്സ്യം എന്നിവയെല്ലാം കച്ചവടത്തിന്‍റെ പുതുവഴികള്‍.
ആദര്‍ശവും പ്രവര്‍ത്തനവും തമ്മില്‍ ബന്ധമില്ലാത്ത പൊതു പ്രവര്‍ത്തകരും ഈ കാലഘട്ടത്തിന്‍റെ മറ്റൊരു പ്രശ്നമാണെന്നും നാം തിരിച്ചറിയണം.
വിഭ്രമാത്മകമായ ജീവിത ശൈലിയില്‍ നിന്നും അകന്നുമാറി സാമാന്യജനതയുടെ ജീവിത വഴികളിലൂടെ സഞ്ചരിക്കുവാന്‍ ധൈര്യം കാണിച്ചവരെ നാം എന്നും നെഞ്ചോടു ചേര്‍ത്ത് നിര്‍ത്താറുണ്ട്.
സി.വി ശ്രീദേവി ടീച്ചര്‍ നമ്മുടെ ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കുന്നതും നാം ഇഷ്ടപ്പെട്ടു പോകുന്നതും മറ്റൊന്നും കൊണ്ടല്ല.

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമാണ്. അതുപോലെ ടീച്ചര്‍ നമ്മെ വിട്ടു പിരിഞ്ഞ ദിവസം കൂടിയും.
നമുക്കൊന്ന് ഒത്തുചേരാം. ഇനിയും നഷ്ടമാകാത്ത പരിസ്ഥിതിയേയും ഇനിയും നഷ്ടമാകാത്ത സമൂഹനന്‍മയേയും ഇനിയും നഷ്ടമാകാത്ത വ്യക്തി ബന്ധങ്ങളേയും ഊട്ടിയുറപ്പിക്കുവാന്‍ വേണ്ടി


തീയ്യതി ലോകപരിസ്ഥിതി ദിനം
സമയം സായാഹ്നം 4 മണി
സ്ഥലം സുനന്ദ മുകുന്ദന്‍ വസതി. വടക്കേ കിടങ്ങൂര്‍

താങ്കള്‍ സുഹൃത്തുക്കളുമൊത്ത് കുടുംബസമേതം തീര്‍ച്ചയായും വരണം. മറക്കരുത്.


Monday, April 14, 2008

ഡിസംബര്‍ ൭

തുറവൂര്‍ യൂണിറ്റ് വാര്‍ഷികം

കുരിശങ്ങാടിക്ക് സമീപം
(മെജൊ വസതിയില്‍)
ഡിസംബര്‍ ൦൯ ഞായര്‍

ഗ്രാമശാസ്ത്ര ജാഥ

ഡിസംബര്‍ ൧

ശാസ്ത്ര കലാജാഥ 07
5-12-2007 4 PM
ബുധന്‍

പഴൂപൊങ്ങ് കവലയില്‍

തെരുവ ് നാടകം
സംഗീതശില്‍പം
ഉലകവൃത്താന്തം

നവംബര്‍ ൨൧

ബഹിരാകാശ ശാസ്ത്ര ചിത്രപ്രദര്‍ശനം
കിടങ്ങൂര്‍ ശ്രീഭദ്രയില്‍

സ്വാഗതം

രാവിലെ മുതല്‍ വൈകും വരെ

നവംബര്‍ ൧൨

എ.വി. വിഷ്ണുമാസ്റ്റര്‍ അനുസ്മരണം

കിടങ്ങൂര്‍ ശ്രീഭദ്രസ്കൂളില്‍
18-11-2007 ഞായര്‍
2 P M

യുക്തിരാഹിത്യവും കേരള സമൂഹവും
സംവാദം

നവംബര്‍ 7

വി്ദ്യാഭ്യാസം ആര്‍ക്കുവേണ്ടി

അധ്യാപകരുടെ ക്ളസ്റ്റര്‍ യോഗങ്ങള്‍ എന്നാല്‍
പഠനപ്രവര്‍ത്തനങ്ങളുടെ ആസൂത്രണം.
യോഗങ്ങള്‍ ഒരു വിഭാഗം അദ്ധ്യാപകര്‍
ബഹിഷ്കരിക്കുന്നതെന്തിന്
അദ്ധ്യാപകര്‍ക്കുള്ള പരിശീലനം
അവധിദിവസങ്ങളില്‍ തന്നെ നടത്തുക.

ഗുണമേന്മയുള്ള വിദ്യാഭ്യാസം
കുട്ടികളുടെ ജന്മാവകാശം.

സെപ്തംബര്‍ ൨൯

പ്രത്യയശാസ്ത്രം കൊണ്ട്
ബൌദ്ധികമായ സ്വീകാര്യതയും
സംസ്കാരം കൊണ്ട് വൈകാരികമായ
സ്വീകാര്യതയും
നിര്‍മ്മിച്ചെടുക്കുകയാണ്
അധിനിവേശശക്തികള്‍ ചെയ്യുന്നത് അതുകൊണ്ട്
സാംസ്കാരിക പ്രവര്‍ത്തനമെന്നത്
പുതിയ കാലഘട്ടത്തിലെ
വര്‍ഗ്ഗസമരം കൂടിയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്

സെപ്തംബര്‍ 10

എന്നെ ഹസ്തദാനം ചെയ്ത് അനുമോദിക്കുവാന്‍
ഞാന്‍ ഹിറ്റ്ലറുടെ അടുത്തേക്ക് ആനയിക്കപ്പെട്ടില്ല.

ശരിയാണ് പക്ഷെ

കറുത്തവനായ എന്നെ ഹസ്തദാനം
ചെയ്ത് അഭിനന്ദിക്കുവാന്‍ വൈറ്റ് ഹൌസ്
പ്രസിഡന്‍റിന്‍റെ അടുക്കലേക്കും ആനയിക്കപ്പെട്ടില്ല

ജെസി ഓവന്‍സ്
ഫുഡ്ബോളര്‍

സെപ്തംബര്‍ ൧൬

ഐ.എ.എസ്സുകാര്‍
കോടീശ്വരന്മാര്‍
ജനവിരുദ്ധ രാഷ്ട്രീയനേതാക്കള്‍
ജാതിമത വിദ്യാഭ്യാസ കച്ചവടക്കാര്‍
ഇവരെല്ലാം പുതിയ ജാതികളാണ്

കീഴ്ജാതിക്കാര്‍ക്ക്
ബാധകമായ നിയമങ്ങള്‍
ഇവര്‍ക്കൊന്നും ബാധകമല്ല.

സെപ്തംബര്‍ 9

വിദ്യാഭ്യാസം സാമൂഹ്യ പരിവര്‍ത്തനത്തിന്
ഡോ - കെ.എന്‍.ഗണേഷ് നയിക്കുന്ന
വി്ദ്യാഭ്യാസ പ്രചരണ ജാഥക്ക്
൧൧-൯-൦൭ സ്വീകരണം. ൧൧ മണിക്ക് അങ്കമാലി ടി.ബി ജംഗ്ഷനില്‍

  • - പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്തുക
  • - വിദ്യാഭ്യാസരംഗത്ത് സാമൂഹ്യനീതിയും
  • സാമൂഹ്യനിയന്ത്രണവും ഉറപ്പാക്കുക.
  • - കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതാകണം വിദ്യാഭ്യാസം.

ആഗസ്റ്റ് ൧൫

മണ്ണില്‍ പണിയും കരങ്ങളുണ്ട്
മണ്ണുപോലൊട്ടുന്ന സ്നേഹമുണ്ട്
നാടന്‍ മനസ്സിന്‍റെ നേരുമുണ്ട്
നാട്ടറിവിന്‍റെ വെളിച്ചമുണ്ട്
നാടന്‍ കരുത്തിന്‍റെ വീറുമുണ്ട്
നാമൊന്നുണര്‍ന്നാല്‍ കുതിച്ചുപായാം

ഓണാശംസകള്‍

ആഗസ്റ്റ് ൫

മലകള്‍ കുഴികളിലേക്ക് ഒഴുകിയിറങ്ങുന്നു.
ഇപ്പോള്‍ കാണുന്ന നിലവിളി ഒരു മുന്നറിയിപ്പുമാത്രം

മണ്ണും മരവും മഞ്ഞും കുടിനീരും
മാഞ്ഞുപോകുന്നത്
വര്‍ത്തമാനകാല ദുരന്തം
ഇനി
ശുദ്ധവായുവില്ലെന്ന്
പരിതപിക്കുന്ന കാലം വരുന്നു

ജൂലൈ ൨൫

സി.ബി.എസ്.സി സ്കൂളുകള്‍ക്ക്
എന്‍.ഒ.സി. നല്‍കരുത്.

പൊതുവിദ്യാഭ്യാസ രംഗം
തകര്‍ക്കുന്ന നടപടികളില്‍ നിന്ന്
സര്‍ക്കാര്‍ പിന്മാറുക
ജനാധിപത്യ സര്‍ക്കാകര്‍ വഴങ്ങരുത്.

ജൂലൈ ൧൧

CBSC സ്കൂളുകള്‍ അനുവദിക്കുന്നതിനെതിരേ
സെക്രട്ടറിയേറ്റ് നടയില്‍ പരിഷത്ത് പ്രവര്‍കത്തകര്‍ ഉപവസിക്കുന്നു

ജൂണ്‍ ൫

ആ ദിവസങ്ങള്‍ വരവായി
കിളിയൊച്ചയില്ലാത്ത
ശലഭങ്ങളും പൂക്കളുമില്ലാത്ത
വസന്തവും ഗ്രീഷ്മവുമില്ലാത്ത
ജീവജാലങ്ങള്‍ പൊള്ളിയടര്‍ന്നു മരിക്കുന്ന
കനലെരിയും കാലം.

ജൂണ്‍ ൫

ലോക പരിസരദിനം...

കുന്നിടിച്ചു നിരത്തുന്ന യന്ത്രമേ..
മണ്ണ് മാന്തുന്ന നിന്നുടെ കൈകളില്‍
പന്തു പോലൊന്നു കിട്ടിയാല്‍ നില്ക്കണേ..
ഒന്നു കൂക്കി വിളിച്ചറിയിക്കണേ...


പണ്ടു നമ്മള്‍ കുഴിച്ചിട്ടതാണെടോ
പന്തു കായ്ക്കും മരമായ് വളരുവാന്‍....

കാലടി മോഹനകൃഷ്ണന്‍റെ കവിത....

ജൂണ്‍ ൨

കളിവീടു കെട്ടി
കളിച്ചും ചിരിച്ചും
ഒരു വേനലവധി
കൊഴിഞ്ഞു വീണു....

ഇനി നമുക്ക് സ്കൂളില്‍ പോകാം....
അവിടെ നാം നേടും


അറിവാണ് ശക്തിയെന്നറിക...
അറിവാണ് സന്പത്തെന്നറിക
അറിവുകള്‍ നേടി വളര്‍ന്നാല്‍
നമുക്കാകാശമെത്തിപ്പിടിക്കാം...


പരിഷദ് ആശംസകള്‍......

ജൂണ്‍ ൧

"പുത്തനുടുപ്പും
പുത്തന്‍ ബാഗും
പുതിയ സ്വപ്നങ്ങളുമായി
സ്കൂളിലേക്ക് കടന്നു വരുന്ന
നവമുകുളങ്ങള്‍ക്ക്
ആശംസകള്‍........."