Showing posts with label വാര്‍ഷികം. Show all posts
Showing posts with label വാര്‍ഷികം. Show all posts

Friday, December 12, 2008

ജ്യോതിശാസ്ത്ര അറിവുകള്‍ പകര്‍ന്ന് ഒരു യൂണിറ്റ് വാര്‍ഷികം.

തുറവൂര്‍ യൂണിറ്റിന്റെ യൂണിറ്റ് വാര്‍ഷികം ശ്രീ ബാബുരാജിന്റെ വസതിയില്‍ .ഡിസംബര്‍ 7 ഞായര്‍ നടന്നു. എറണാകുളം ജില്ലാ പ്രസിഡന്റ് പ്രൊ.പി.ആര്‍ രാഘവന്‍ അവതരിപ്പിച്ച നമ്മുടെ പ്രപഞ്ചം എന്ന ഉദ്ഘാടന ക്ലാസോടെയായിരുന്നു തുടക്കം. മള്‍ട്ടി മീഡിയ സംരഭങ്ങള്‍ ഉപയോഗിച്ചുള്ള ക്ലാസ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പുതിയ ഒരു അനുഭവമായി മാറി. 25 ഓളം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ അന്‍പതോളം പേര്‍ പരിപാടികളില്‍ പങ്കെടുത്തു. പരിഷിത്തിന്റെ സാന്നിദ്ധ്യം പുതിയ തലമുറയില്‍ അനുഭവപ്പെടുത്താന്‍ ക്ലാസിനു കഴിഞ്ഞു എന്നത് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കും. ജ്യോതിശാസ്ത്രചരിത്രം, സൌരയൂഥം, സൂര്യന്റെ ഘടന, നക്ഷത്രങ്ങളുടെ പരിണാമം, പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തി, ബഹിരാകാശ ഗവേഷണങ്ങള്‍, പര്യവേഷണങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ലാസില്‍ പ്രതിപാദിക്കപ്പെട്ടു. ആവേശത്തോടെയുള്ള കുട്ടികളുടെ ചോദ്യങ്ങള്‍ ക്ലാസിന്റെ ദൈര്‍ഘ്യം പിന്നെയും കൂട്ടാന്‍ കാരണമായി. 2005 ല്‍ KSSP എറണാകുളം ജില്ലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ റിസര്‍ച്ച് ലാബ് നിര്‍മ്മിച്ച സി.ഡി ഉപയോഗിച്ചായിരുന്നു അവതരണം. നിരവധി കേന്ദ്രങ്ങളില്‍ അവതരിപ്പിച്ചു കഴിഞ്ഞ ഈ സി.ഡി കൂടുതല്‍ സമകാലിക വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ജ്യോതിശാസ്ത്രവര്‍ഷത്തിനായി പുനര്‍ നിര്‍മ്മിക്കണമെന്നും ആവശ്യമുയര്‍ന്നു.
തുടര്‍ന്ന് യൂണിറ്റ് വാര്‍ഷിക ചര്‍ച്ചകള്‍ ആരംഭിച്ചു. യൂണിറ്റ് പ്രസിഡന്റ് കൂടിയായ ശ്രീ. ഇ.ടി രാജന്‍ സാമ്പത്തിക മാന്ദ്യവും കേരള സമൂഹവും എന്ന വിഷയം അവതരിപ്പിച്ചു. തുടര്‍ന്ന് ആ വിഷയത്തില്‍ സജീവമായ ചര്‍ച്ച നടന്നു. യൂണിറ്റ് സെക്രട്ടറി ശ്രീ. ജോയ് പി. പി യൂണിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിപ്പോര്‍ട്ടിന്‍മേലും ചര്‍ച്ച നടന്നു. യൂണിറ്റ് വാര്‍ഷിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടുത്ത വര്‍ഷം നടത്തേണ്ട പരിപാടികളും യൂണിറ്റ് ഏറ്റെടുക്കേണ്ട വിഷയങ്ങളെക്കുറിച്ചും ധാരണയുണ്ടായി. നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്ത് ഒന്നും നടക്കാത്ത അവസ്ഥയേക്കാള്‍ കുറച്ച് പരിപാടികള്‍ ആസൂത്രണം ചെയ്ത് എല്ലാം ഭംഗിയായി നടത്തണം എന്ന അഭിപ്രായമായിരുന്നു യൂണിറ്റ് അംഗങ്ങള്‍ക്ക്. ഇതിനനുസരിച്ചായിരുന്നു ഭാവി പരിപാടികളുടെ ആസൂത്രണം. സ്ത്രീകളുടെ അംഗത്വം കുറയുന്നതും ചര്‍ച്ചയില്‍ വരികയുണ്ടായി. അടുത്ത വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്ത് യൂണിറ്റ് വാര്‍ഷികം സമാപിച്ചു. ശ്രീ. മെജോ മോന്‍ ജോസഫ് സെക്രട്ടറിയായും ശ്രീ പി.പി ജോയ് പ്രസിഡന്റായും ശ്രീ വേലായുധന്‍ വൈസ്. പ്രസിഡന്റായും ശ്രീ. നവനീത് കൃഷ്ണന്‍ ജോ. സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

Friday, December 5, 2008

യൂണിറ്റ് വാര്‍ഷികം - തുറവൂര്‍ യൂണിറ്റ് അങ്കമാലി മേഖല

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തുറവൂര്‍ യൂണിറ്റിന്റെ വാര്‍ഷികം ഈ വരുന്ന ഞായര്‍ രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ നടക്കുന്നു. യൂണിറ്റ് അംഗം ശ്രീ. സി. ബാബുരാജിന്റെ വസതിയാണ് ഈ വര്‍ഷം വാര്‍ഷികം നടക്കുന്നത്. അന്ധവിശ്വാസങ്ങളും അരാഷ്ട്രീയ പ്രസ്ഥാനങ്ങളും അരങ്ങ് തകര്‍ക്കുന്ന സമയമാണിത്. പാഠപുസ്തക വിവാദമുള്‍പ്പടെ നിരവധി പ്രശ്നങ്ങളെ സമൂഹം അഭിമുഖീകരിച്ച വര്‍ഷമാണ് കടന്നു പോയത്. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താനും വരുന്ന വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ ആസൂത്രണം ചെയ്യാനും ഈ ഒത്തു കൂടല്‍ വേദിയൊരുക്കും.

കാര്യപരിപാടികള്‍

രാവിലെ 9.30 ന് നമ്മുടെ പ്രപഞ്ചം എന്ന വിഷയം KSSP എറണാകുളം ജില്ല പ്രസിഡന്റ് പ്രൊ.പി.ആര്‍ രാഘവന്‍ അവതരിപ്പിക്കുന്നു.
തുടര്‍ന്ന് മേഖല കമ്മറ്റി അംഗം സംഘടനാരേഖ അവതരിപ്പിക്കും. സംഘടനാരേഖയില്‍ സമകാലീന സാമ്പത്തിക പ്രശ്നങ്ങളും കേരളവും എന്ന വിഷയത്തിന് പ്രധാന്യം ഉണ്ടാകും.
സംഘടനാ രേഖ വാര്‍ഷിക പ്രതിനിധികള്‍ ചര്‍ച്ച ചെയ്യും
പിന്നീട് യൂണിറ്റ് സെക്രട്ടറി ശ്രീ. പി. പി. ജോയ് യൂണിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ആ റിപ്പോര്‍ട്ടിന്മേലും പിന്നീട് ചര്‍ച്ചകള്‍ നടക്കും.
തുടര്‍ന്ന് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യും. അടുത്ത വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്ത് വൈകിട്ട് നാലു മണിയോടെ വാര്‍ഷികം സമാപിക്കും.